കൊച്ചി: സിന്‍ഡിക്കറ്റ് സസ്പെന്ഷന് ഉത്തരവ് റദ്ദാക്കിയശേഷവും കേരള സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന് വൈസ് ചാന്‍സലര്‍ കുറ്റാരോപണ മെമ്മോ നല്‍കിയതിനെതിരേ ഹൈക്കോടതി.
സര്‍വകലാശാല നിയമപ്രകാരം അധികാരമില്ലാതെയാണു വിസി കുറ്റാരോപണ മെമ്മോ നല്‍കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് സ്റ്റേ ചെയ്തു. എന്ത് അടിയന്തര സാഹചര്യത്തിലാണ് ഇത്തരമൊരു മെമ്മോ നല്‍കിയതെന്നു വ്യക്തമാക്കാന്‍ വിസിക്ക് നിര്‍ദേശവും നല്കി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കുറ്റാരോപണ മെമ്മോ നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അനില്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ രണ്ടിന് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി നവംബര്‍ ഒന്നിന് ഹൈക്കോടതി നിര്‍ദേശപ്രകാരം വിളിച്ചുകൂട്ടിയ സിന്‍ഡിക്കറ്റ് യോഗം റദ്ദാക്കുകയും രജിസ്ട്രാര്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാതെ നടപടിക്ക് ചാന്‍സലര്‍ക്കു തീരുമാനം വിടുകയാണ് വിസി ചെയ്തത്. ഇതിനുപിന്നാലെ ഡിസംബര്‍ 16ന് വിസി പുതിയ കുറ്റാരോപണ മെമ്മോ നല്കി. ഇതിനിടെ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പല്‍ തസ്തികയിലേക്കു തിരിച്ചയച്ച് സര്‍ക്കാര്‍ ഉത്തരവിടുകയും ഇതെത്തുടര്‍ന്ന് രജിസ്ട്രാര്‍ പദവി ഒഴിഞ്ഞ് കോളജ് പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുകയും ചെയ്തു.
പ്രിന്‍സിപ്പലായി ചുമതലയേറ്റശേഷവും തനിക്കെതിരേ വിസി പ്രതികാരനടപടികള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി യായിരുന്നു ഹര്‍ജി.